കോഴിക്കോട്: എളേറ്റിൽ വട്ടോളിയിൽ വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ 25 ഓളം വരുന്ന അക്രമി സംഘം ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെ വീണപാറയിലുള്ള അൽക്കോ ബേക്കറിക്ക് സമീപമാണ് സംഭവം. പന്നൂർ സ്വദേശികളായ ഇ.കെ മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവർക്കാണ് മർദ്ദനമേറ്റത്.

ബേക്കറിക്ക് മുൻപിൽ ചപ്പാത്തിക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെ സമീപിച്ച സംഘം ‘പന്നൂർ സ്വദേശികളാണോ’ എന്ന് ചോദിച്ചാണ് ആക്രമണം തുടങ്ങിയത്. “നിങ്ങളൊക്കെ അവന്റെ ഗ്യാങ്ങല്ലേ” എന്ന് ആക്രോശിച്ചുകൊണ്ട് അക്രമികൾ മർദ്ദനം അഴിച്ചുവിടുകയായിരുന്നു. ആദ്യം പത്തോളം വരുന്ന സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഇതിന് പിന്നാലെ ഏതാനും മിനിറ്റുകൾക്കുള്ളിൽ പതിനഞ്ചോളം പേർ അടങ്ങുന്ന മറ്റൊരു സംഘമെത്തി വീണ്ടും ക്രൂരമായി മർദ്ദിച്ചു. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് മുഹമ്മദ് റാസിഖിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ബേക്കറിയിലെ സിസിടിവി (CCTV) ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എളേറ്റിൽ വട്ടോളി സ്വദേശി സഫീർ, താമരശ്ശേരി കാരാടി സ്വദേശി അൻസിഫ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു