*മലപ്പുറത്തും ഉണ്ണിക്കണ്ണന് മുന്നിൽ മന്തി; മൂന്നു പേർ അറസ്റ്റിൽ*






മലപ്പുറം ജില്ലയിലും വിഷു മന്തി വിവാദം. ചേർത്തലയിൽ ഉണ്ടായ വിവാദത്തിന് പിന്നാലെയാണ് അങ്ങാടിപ്പുറം തിരൂർക്കാടും വിഷുവുമായി ബന്ധപ്പെട്ട പരസ്യത്തിനെതിരെ പ്രതിഷേധം ഉയർന്നത്. പോരാടം പാലത്തിനടുത്ത് പ്രവർത്തിക്കുന്ന ‘യമാമ ഷവായ’ എന്ന ഹോട്ടലാണ് മയിൽപീലി ധരിച്ച ശ്രീകൃഷ്ണൻ മന്തി പ്ലേറ്റിന് മുന്നിൽ ഇരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിഷു ആശംസകളുടെ ഭാഗമായിട്ടായിരുന്നു ഈ നടപടി. എന്നാൽ, ചിത്രം വിവാദമാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഹോട്ടൽ അധികൃതർ ഉടൻ തന്നെ അത് നീക്കം ചെയ്തു. എന്നാൽ ഇതിനകം ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സംഭവത്തെ തുടർന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇത് ചേർത്തലയിൽ ഉണ്ടായ സംഭവവുമായി സാമ്യമുള്ളതാണെന്നും ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും വിഎച്ച്പി ആരോപിച്ചു. ഈ വിഷയത്തിൽ മലപ്പുറം എസ്‌പിക്കു പരാതി നൽകുകയും ചെയ്തു.

മതസ്പർദ്ധ വളർത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തു. ഹോട്ടൽ ഉടമകളായ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് മൊബൈൽ ഫോണുകളും ഒരു ടാബും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.‌
أحدث أقدم