
തൃശൂർ: കൊരട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ വൈദികനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് ഇടവകയിലെ വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ഫാ. ജോസഫ് കോടിയൻ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അതിക്രമത്തിന് ശേഷം കുട്ടിക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് വിവരം ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിലും സഭാനേതൃത്വത്തിലും പരാതി നൽകുകയായിരുന്നു.
പ്രതിയായ ഫാ. ജോസഫ് കോടിയൻ മൂന്ന് വർഷങ്ങൾക്ക് മുമ്പും സമാനമായ ലൈംഗികാതിക്രമ കേസിൽ പ്രതിയായിരുന്നു. അന്ന് ഈ കേസിൽ അദ്ദേഹം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൊരട്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. വൈദികൻ ഒളിവിൽ പോയതോടെ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ക്രിമിനൽ പശ്ചാത്തലമുള്ള വൈദികൻ എങ്ങനെ വീണ്ടും സഭാ ചുമതലകളിൽ എത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.