സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസായ മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിൽ പരാതിപ്രളയം. അർഹമായ ക്ലെയിം നൽകാതെയും പരാതികൾ പരിഗണിക്കാതെയും ജീവനക്കാരെയും പെൻഷൻകാരെയും വലയ്ക്കുകയാണ് ഇൻഷുറൻസ് കമ്പനി. ജീവനക്കാർക്ക് ഉപകാരപ്രദമായി പദ്ധതി നടത്തിയില്ലെങ്കിൽ കരാർ പിൻവലിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കമ്പനിക്ക് മുന്നറിയിപ്പുനൽകി. പരാതികൾ പരിഹരിക്കാമെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.
ഒന്നാംഘട്ടത്തിലും ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അന്നും ഇപ്പോഴും ഓറിയന്റൽ ഇൻഷുറൻസിനാണ് മെഡിസെപ്പിന്റെ കരാർ. പരാതികൾക്കിടനൽകാതെ പ്രവർത്തിക്കാമെന്ന ധാരണയോടെയാണ് രണ്ടാംഘട്ടം നടപ്പാക്കിയത്. തിരഞ്ഞെടുപ്പിനുമുൻപ് പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ യോഗം ചേർന്നിരുന്നു. സർക്കാർ നിർദേശങ്ങളും നൽകി. എന്നാൽ, തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സർക്കാർ ഇടപെടലുകൾ ദുർബലമായ സാഹചര്യത്തിലാണ് വ്യാപകമായി ക്ലെയിം നിരസിക്കാൻ തുടങ്ങിയത്.
പരാതികളുടെ അടിസ്ഥാനത്തിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കമ്പനി അധികൃതരെക്കൂടി പങ്കെടുപ്പിച്ച് ഉടൻ യോഗം ചേരും. ഇൻഷുറൻസ് കമ്പനി ചികിത്സാരേഖകൾ പരിശോധിക്കാൻ മറ്റു രണ്ടു കമ്പനികളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇത് വിവരച്ചോർച്ചയ്ക്ക് വഴിവെക്കുമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.