ലോഡ് ഷെഡിങ് ഉണ്ടെന്ന് സമ്മതിച്ചു കെഎസ്ഇബി




തിരുവനന്തപുരം : കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ ജനങ്ങളെ വലച്ച് കെഎസ്ഇബിയുടെ അപ്രഖ്യാപിത പവർ കട്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രിയും അധികൃതരും ആവർത്തിക്കുമ്പോഴും, പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്ന് സമ്മതിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ. പാലക്കാട് നെന്മാറ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഒരു ദിവസം രണ്ട് തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശമുണ്ടെന്ന് വെളിപ്പെടുത്തിയത്.

അർധരാത്രിയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ നെന്മാറ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. ഇന്നലെ രാത്രി 12:30-ഓടെ വൈദ്യുതി മുടങ്ങിയതോടെയാണ് പ്രതിഷേധക്കാർ ഓഫീസിലെത്തിയത്. ആദ്യം നിയന്ത്രണത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥർ പിന്നീട് പ്രതിഷേധം ശക്തമായതോടെ ലോഡ് ഷെഡിങ് ഉണ്ടെന്നും അത് നടപ്പിലാക്കാൻ തങ്ങൾക്ക് നിർദേശമുണ്ടെന്നും സമ്മതിക്കുകയായിരുന്നു.
Previous Post Next Post