
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വി ഡി സതീശന്‍ മേനോന്‍ സതീശനായി, പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായി എന്നായിരുന്നു വസീഫ് പറഞ്ഞത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയനസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വസീഫ്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ കള്ളത്തരം പുറത്തുവന്നു. എക്‌സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന്‍ തീരുമാനമെടുത്തിരിക്കുന്നത്. ധനകാര്യ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ചില സംശയങ്ങള്‍ വന്നിരുന്നു. എല്ലാം ഒറ്റയ്ക്ക് ഭരിക്കാമെന്നാണ് വിചാരം. എഐസിസിയുടെ പിന്തുണയൊന്നും വേണ്ട എന്ന നിലപാടാണ് വി ഡി സതീശന് ഉള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.