ബോട്ടിനുള്ളിൽ ശ്വാസതടസ്സം നേരിട്ട് മത്സ്യത്തൊഴിലാളി മരിച്ചു….


        

ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സം നേരിട്ട് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും ഇവർ കുഴഞ്ഞുവീഴുകയും ചെയ്തു.

ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ‘ആയിഷ’ എന്ന ബോട്ടിലാണ് അപകടം നടന്നത്. തീരത്തുനിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ വെച്ച് ബോട്ടിന്റെ എഞ്ചിൻ റൂമിൽ വെള്ളം കയറുകയായിരുന്നു. ഇത് പരിശോധിക്കാനായി ഇറങ്ങിയ തൊഴിലാളികൾക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. മരിച്ച ഷഹബേദ് അടക്കം നാല് പേരാണ് എഞ്ചിൻ റൂമിലെ പരിശോധനയ്ക്കിടെ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇവരെ കരയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷഹബേദിന്റെ ജീവൻ രക്ഷിക്കാനായില്ല. എഞ്ചിൻ റൂമിലെ വാതകച്ചോർച്ചയാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ ശ്വാസതടസ്സത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല.

ആകെ 12 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബാക്കിയുള്ള എട്ടുപേരും സുരക്ഷിതരാണ്. കുഴഞ്ഞുവീണ മറ്റ് മൂന്ന് തൊഴിലാളികൾ നിലവിൽ ചികിത്സയിലാണ്. എഞ്ചിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകർ. സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

        

أحدث أقدم