തീ കൊണ്ടുള്ള കളി വേണോ?…. പൂരങ്ങൾക്കും കെട്ടുകാഴ്ചകൾക്കുമെതിരെ ആർ. ശ്രീലേഖ


        

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പൂരങ്ങൾക്കും കെട്ടുകാഴ്ചകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന പൂരങ്ങളും കാട്ടാനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണമോ എന്ന് നാം ചിന്തിക്കണമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം … .

ത്യശൂർ ഒരു വെടിപ്പുരക്ക് തീപിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ!
പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു. പോലീസും ഫയർ & റെസ്‌ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നോ? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?

ഇനിയും ഇതുപോലെ എത്ര പടക്കനിർമാണ ശാലകൾ തൃശൂരിൽ ഉണ്ട് എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്ന് അറിയാമോ? ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ? എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?

ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ? നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?

മുണ്ടത്തിക്കോട് സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഘോഷങ്ങളുടെ രീതി മാറണമെന്ന ആവശ്യവുമായി ശ്രീലേഖ രംഗത്തെത്തിയത്.

أحدث أقدم