നെടുമ്പാശേരിയിൽ എംഡിഎംഎ വേട്ട… യുവതി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ… വലയിലായത് ലഹരി വിൽപനക്കാർ


കൊച്ചി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് രാസലഹരി വിൽപന നടത്തിവന്ന യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘം പൊലീസ് പിടിയിലായി. മൂന്നര ഗ്രാം എംഡിഎംഎയാണ് ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരിൽ നിന്നും റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്.

കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചായിരുന്നു ഇവരുടെ ലഹരി ഇടപാടുകൾ. സിപ് ലോക് കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്. എയർപോർട്ട് പരിസരത്തെ വിവിധ കേന്ദ്രങ്ങളിൽ ലഹരിമരുന്ന് എത്തിച്ചു നൽകുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. പിടിയിലായവരെല്ലാം നേരത്തെയും സമാനമായ ലഹരിക്കേസുകളിൽ പ്രതികളാണ്. സംഘത്തിലുണ്ടായിരുന്ന റിൻസി മുംതാസ് മറ്റൊരു കേസിൽ റിമാൻഡ് കഴിഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. എയർപോർട്ട് മേഖലയിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post