കന്നുകാലി കച്ചവടക്കാരനിൽ നിന്ന് ലഹരി മാഫിയാ തലവനിലേക്ക്…ലഹരി കടത്തിന് ഹനീഫയുടേത് പ്രത്യേക ശൈലി...കൂട്ടിന് റെയ്ഹാനയും






കോഴിക്കോട് : മുക്കത്ത് 2.8 കിലോയോളം എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ഹനീഫയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കന്നുകാലി കച്ചവടക്കാരനായിരുന്ന ഹനീഫ ചുരുങ്ങിയ കാലം കൊണ്ടാണ് സംസ്ഥാനത്തെ വലിയ ലഹരി വിതരണ ശൃംഖലയിലെ പ്രധാനിയായി മാറിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാളുടെ സഹായിയായി പ്രവർത്തിച്ചിരുന്ന ബേപ്പൂർ സ്വദേശിനി റെയ്ഹാനയുടെ പങ്കിനെക്കുറിച്ചും വിശദമായ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.

മുക്കം പൂളപ്പൊയിൽ സ്വദേശിയായ ഹനീഫ വർഷങ്ങളായി ഒറീസയിൽ നിന്ന് ആന്ധ്രയിലേക്ക് കന്നുകാലികളെ എത്തിച്ച് വിൽപന നടത്തി വരികയായിരുന്നു. എന്നാൽ സമീപകാലത്തായി ഇയാൾ അമിതമായി സാമ്പത്തിക അഭിവൃദ്ധി നേടുകയും പൂളപ്പൊയിലിൽ ഒരു റെസ്റ്റോറന്റ് ആരംഭിക്കുകയും ചെയ്തു. ലഹരിമരുന്ന് വാങ്ങാനായി ഹനീഫ വിമാനമാർഗ്ഗം ഡൽഹിയിലേക്കും ബെംഗളൂരുവിലേക്കും പോകുന്നതാണ് പതിവ്. തിരികെ ട്രെയിൻ മാർഗ്ഗമാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ഒരാഴ്ച മുൻപ് റെയ്ഹാനയ്‌ക്കൊപ്പമാണ് ഇയാൾ ഡൽഹിയിലേക്ക് പോയത്.

ഹനീഫയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന റെയ്ഹാന ഇയാളുടെ വാടകവീട്ടിൽ നിരന്തരം താമസിക്കാറുണ്ടായിരുന്നു. ഇവരുടെ യാത്രകൾ നിരീക്ഷിച്ച പോലീസിന് ലഭിച്ച സൂചനകളാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. മണാശ്ശേരിയിലെ വാടകവീട്ടിൽ ലഹരി തൂക്കാനായി ഡിജിറ്റൽ ത്രാസുകളും പാക്ക് ചെയ്യാനുള്ള കവറുകളും നോട്ടെണ്ണുന്ന യന്ത്രവും പോലീസ് കണ്ടെത്തി. ആറുമാസം മുൻപ് എടുത്ത ഈ വീട്ടിലിരുന്നാണ് വിതരണം പ്രധാനമായും നടന്നിരുന്നത്.

വ്യാഴാഴ്ച പുലർച്ചെ അഗസ്ത്യൻമുഴിയിൽ വെച്ച് 517 ഗ്രാം എംഡിഎംഎയുമായി ഹനീഫയെ ആദ്യം പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാടകവീട്ടിൽ നിന്ന് 2.286 കിലോഗ്രാം കൂടി കണ്ടെടുത്തത്. ലഹരിപ്പണം ഉപയോഗിച്ച് ഹനീഫ കൂടുതൽ ബിസിനസ്സുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് സംശയിക്കുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷിച്ചേക്കും.
Previous Post Next Post