അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പന്ന്യൻ രവീന്ദ്രൻ പെട്ടെന്ന് കുഴഞ്ഞുവീണത്. ഇത് പ്രവർത്തകർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അദ്ദേഹത്തെ ഉടൻ തന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ എത്തിച്ചു. ബിപി കുറഞ്ഞതാണ് തളർച്ചയ്ക്ക് കാരണമായതെന്ന് പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി മൻസൂർ അബൂബക്കറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു. തുടർച്ചയായ യാത്രകളും പ്രചാരണത്തിരക്കുമാണ് ആരോഗ്യപ്രശ്നത്തിന് കാരണമായതെന്നാണ് കരുതുന്നത്. പന്ന്യൻ രവീന്ദ്രൻ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.