കുടകിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി… തെരച്ചിലിനായി ഡ്രോണുകളും സ്നിഫർ നായകളും


കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ കൊച്ചി സ്വദേശിയായ ഐടി ഉദ്യോഗസ്ഥയെ കാണാതായി. കൊച്ചിയിൽ താമസിക്കുന്ന ശരണ്യ ജി.എസിനെയാണ് (36) വ്യാഴാഴ്ച മുതൽ തടിയൻഡമോൾ മലനിരകളിൽ വെച്ച് കാണാതായത്. വനംവകുപ്പും പൊലീസും നാട്ടുകാരും ഉൾപ്പെടെയുള്ള സംഘം വനത്തിനുള്ളിൽ തെരച്ചിൽ തുടരുകയാണ്.

ഏപ്രിൽ 2-നാണ് ശരണ്യ കൊച്ചിയിൽ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടിയിലെ ഹോംസ്റ്റേയിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതിയോടെയാണ് കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാൻ ശരണ്യ പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ പത്തംഗ സംഘത്തിനൊപ്പം പോകാൻ വനംവകുപ്പ് നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ മറ്റ് അംഗങ്ങൾ തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ വൈകാതെ ഫോൺ സ്വിച്ച് ഓഫ് ആയി.

കാണാതായ യുവതിയെ കണ്ടെത്താൻ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. പൊലീസും വനംവകുപ്പും നാട്ടുകാരും ഉൾപ്പെടെ 60 പേർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. വനത്തിനുള്ളിൽ തെരച്ചിൽ നടത്താൻ ഡ്രോണുകളും സ്നിഫർ നായകളെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രതികൂലമായ കാലാവസ്ഥ തെരച്ചിൽ നടപടികൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്. വനത്തിനുള്ളിലെ ആഴമേറിയ ഗർത്തങ്ങളും വന്യമൃഗങ്ങളുടെ സാന്നിധ്യവും ആശങ്ക വർധിപ്പിക്കുന്നുണ്ടെങ്കിലും തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


أحدث أقدم