വയോധികയ്ക്ക് നേരെ ക്രൂരമായ ആക്രമണം…. വീട് തകർത്തു, കമ്പിവടികൊണ്ട് അടിച്ച് കാലുകൾ ഒടിച്ചു




തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രി വയോധികയ്ക്ക് നേരെ ക്രൂരമായ ആക്രമണം. ചന്തവിള കുറട്ടൂർ സ്വദേശി ലീല (70) ആണ് അക്രമി സംഘത്തിന്റെ മർദ്ദനത്തിന് ഇരയായത്. ലീലയുടെ വീടും സമീപത്തെ ചെറിയ കടയും അക്രമികൾ അടിച്ചുതകർത്തു.

ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ തനിച്ച് കിടന്നുറങ്ങുകയായിരുന്നു ലീല. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന സംഘം കമ്പിവടികൊണ്ട് ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ലീലയുടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം മർദ്ദനമേറ്റ ഇവർക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ആക്രമണത്തിന് ശേഷം അക്രമിസംഘം സ്ഥലം വിട്ടു. വെളുപ്പിന് അഞ്ച് മണിയോടെ ലീല വീട്ടിൽ നിന്നും ഇഴഞ്ഞ് റോഡരികിൽ എത്തുകയായിരുന്നു. വഴിയിൽ തളർന്നു കിടന്ന ഇവരെ കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ ലീലയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികളുമായി നിലനിന്നിരുന്ന ചില തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ലീലയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
Previous Post Next Post