വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ചട്ടങ്ങളിൽ മാറ്റം… ബിഎസ് 6 വാഹനങ്ങൾക്ക്…



ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവ അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം നവംബർ 13ന് പുറത്തിറക്കി. പുതുക്കിയ ചട്ടപ്രകാരം ബിഎസ് 6 വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിന്റെ പഴക്കം കണക്കാക്കുന്നത് ആദ്യമായി രജിസ്റ്റർ ചെയ്ത തീയതി അടിസ്ഥാനമാക്കിയായിരിക്കും.

പുതുക്കിയ ചട്ടം ഇങ്ങനെ…

ബിഎസ്-6 (സ്വകാര്യ വാഹനങ്ങൾ)

  • രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് PUC സർട്ടിഫിക്കറ്റുകൾക്ക് മൂന്ന് വർഷത്തെ സാധുത ഉണ്ടായിരിക്കും
  • ആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടതുണ്ട്
  • 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ ആറ് മാസത്തിലും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടി വരും.

ബിഎസ്-6 (വാണിജ്യ വാഹനങ്ങൾ)

  • രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ രണ്ട് വർഷത്തിലൊരിക്കൽ പുക പരിശോധന സർട്ടിഫിക്കറ്റ് എടുത്താൽ മതി.
  • ആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ പുതുക്കണം
  • പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ ആറ് മാസത്തിലൊരിക്കൽ പുതുക്കണം

ബിഎസ്-1, ബിഎസ്-2, ബിഎസ്-3

  • ഈ കാറ്റഗറിയിലുള്ള എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിലൊരിക്കൽ പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശംവെക്കണം

ബിഎസ്-4

  • ഈ കാറ്റഗറിയിലുള്ള എല്ലാ വാഹനങ്ങളും ആറ് മാസത്തിലൊരിക്കൽ പുക പരിശോധന നടത്തി സർട്ടിഫക്കറ്റ് കൈവശംവെക്കണം

നിലവിലുള്ള സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ

  • പുതിയ ഭേദഗതി ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപ് എടുത്ത പുക പരിശോധന സർട്ടിഫിക്കറ്റുകൾക്ക്, ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ പുതുക്കലിന് ശേഷമായിരിക്കും മുകളിൽ പറഞ്ഞ പുതിയ കാലാവധി ബാധകമാവുക.
  • നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപുള്ള കാലയളവിൽ പുതുക്കുകയാണെങ്കിൽ, പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ലഭിക്കുക.
  • കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന തീയതി മുതൽക്കായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ഉണ്ടായിരിക്കുക
Previous Post Next Post