ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നീക്കമുണ്ടായാൽ ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത വരെ കടന്നാക്രമിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പാകിസ്താന്റെ ഈ കടുത്ത പ്രകോപനം. പാകിസ്താന്റെ തിരിച്ചടി വേഗമേറിയതും കൃത്യവും നിർണ്ണായകവുമായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം നേരിടേണ്ടി വരും. ഇത്തവണ സംഘർഷം അതിർത്തിയിലെ 200-250 കിലോമീറ്ററിൽ ഒതുങ്ങില്ല, മറിച്ച് കൊൽക്കത്ത വരെ നീളും. “ഞങ്ങൾ ഇന്ത്യയുടെ പ്രദേശത്ത് പ്രവേശിച്ച് അവരുടെ വീടുകൾക്കുള്ളിൽ കയറി ആക്രമിക്കും” എന്ന തീവ്രവാദ സ്വഭാവമുള്ള പ്രസ്താവനയും പാക് പ്രതിരോധ മന്ത്രി നടത്തി.
അയൽരാജ്യത്തുനിന്നുള്ള ഏതൊരു പ്രകോപനത്തെയും ഇന്ത്യ ശക്തമായി നേരിടുമെന്ന് രാജനാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. “പാകിസ്താൻ ഇത്തരം വൃത്തികെട്ട പ്രവൃത്തികൾ ആവർത്തിച്ചാൽ നമ്മുടെ സായുധ സേന ഒരിക്കലും മറക്കാത്ത മറുപടി നൽകും” എന്നായിരുന്നു രാജനാഥ് സിംഗിന്റെ മുന്നറിയിപ്പ്.
2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നാല് ദിവസത്തോളം നീണ്ടുനിന്ന സൈനിക സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെന്ന പോലെ ദക്ഷിണേഷ്യയിലും യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ പുതിയ പ്രകോപനം.