മാവേലിക്കരയിൽ സി.പി.എം പ്രവർത്തകർക്ക് നേരെ കൊലപാതകശ്രമം… മുഴുവൻ ബി.ജെ.പി പ്രവർത്തകരെയും വെറുതെ വിട്ടു…..


മാവേലിക്കര- വള്ളികുന്നം വാളച്ചാലിന് സമീപം സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പ്രതികളായിരുന്ന മുഴുവൻ ബി.ജെ.പി പ്രവർത്തകരെയും കോടതി വെറുതെവിട്ടു. വള്ളികുന്നം സ്വദേശികളായ രവിശങ്കർ, മഹേഷ്, അമൽ, ശിവപ്രസാദ്, ശ്യാം കൃഷ്ണൻ, പ്രണവ് എന്നിവരെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടത്.

2018 ഫെബ്രുവരി 18ന് സി.പി.എം പ്രവർത്തകനായിരുന്ന ഷാജഹാനെയും സ്ഥലത്തുണ്ടായിരുന്ന സുൽഫിക്കാർ, ഷെമീൽ, ജസീൽ എന്നിവരെയും ബി.ജെ.പി പ്രവർത്തകർ കത്തി, വടിവാൾ തുടങ്ങിയവയുമായി സംഘടിതമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. സംഭവത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഇവർ ഏറെക്കാലം വിദദ്ധ ചികിത്സയിൽ തുടർന്നിരുന്നു.

എന്നാൽ ബി.ജെ.പി പ്രവർത്തകരുമായി കടുത്ത ശത്രുത വച്ചുപുലർത്തിയിരുന്ന ചില സംഘടനകളുടെ പ്രവർത്തകർ സംഭവത്തിന് രാഷ്ട്രിയ മുഖം നല്കുകയായിരുന്നുവെന്നും കൃത്യത്തിൽ പരിക്കുപറ്റി എന്ന് പറയുന്നവരിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരുമുണ്ടെന്നും അതുകൊണ്ടുതന്നെ സി.പി.എം പ്രവർത്തകരെ രാഷ്ട്രീയ വിരോധം കാരണം ആക്രമിച്ചു എന്നുള്ള പ്രോസിക്യൂഷൻ കേസ് കെട്ടിച്ചമച്ചതാണന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രാഷ്ട്രീയമായി വിരുദ്ധ ചേരിയുള്ള കോൺഗ്രസ്, സി.പി.എം പ്രവർത്തകരെ ഒരുമിച്ച് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളുടെ വൈരുദ്ധ്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ ഉൾപ്പെടെ സ്ഥലത്തെ ഏഴോളം വീടുകൾ ആക്രമിച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതികളാണ് ഈ കേസിലെ സാക്ഷികൾ എന്നും പ്രതിഭാഗം ഉയർത്തിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പ്രതാപ് ജി.പടിക്കൽ, ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി.

Previous Post Next Post