രക്ഷപ്പെടാൻ ലഭിച്ചത് സെക്കന്‍റുകൾ മാത്രം…നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല… രക്ഷപ്പെട്ടയാൾ


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരും മലയാളികളാണെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രദേശവാസി ഒലക്കേങ്കില്‍ വില്‍സണ്‍. വെടിക്കെട്ടിനായുളള പടക്ക നിര്‍മ്മാണത്തില്‍ നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ചൂട് മൂലമാകാം പൊട്ടിത്തെറിയുണ്ടായതെന്നും വിന്‍സണ്‍ പറഞ്ഞു. വെടിക്കെട്ടിന്റെ ലൈസന്‍സി സതീശനോടൊപ്പം ഏഴുവര്‍ഷത്തോളമായി ജോലി ചെയ്യുന്ന വെടിക്കെട്ട് തൊഴിലാളിയാണ് വില്‍സണ്‍.

‘ജോലി ചെയ്യുന്ന സമയം മുഴുവന്‍ കനത്ത ചൂടായിരുന്നു. ചൂടുകൊണ്ടാകാം പൊട്ടിത്തെറിയുണ്ടായത്. തിരി മറിച്ചിടുന്ന ജോലിയായിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. പെട്ടന്ന് അഞ്ച് മീറ്റര്‍ അകലെ കനത്ത ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായി. തിരിഞ്ഞ് നോക്കുമ്പോഴേക്കും തിരിയെല്ലാം കത്തി. ഉടന്‍ കയ്യിലുണ്ടായിരുന്ന കരിമരുന്നുകളും തിരിയും താഴെയിട്ട് ഓടുകയായിരുന്നു. അതിനിടെ തന്നെ ഷെഡുകള്‍ ഓരോന്നായി പൊട്ടിത്തുടങ്ങി. എവിടെയും നില്‍ക്കാതെ ഓടുകയായിരുന്നു ഞാന്‍’-വില്‍സണ്‍ പറഞ്ഞു. പണിക്ക് വന്നവരെല്ലാം മലയാളികളായിരുന്നുവെന്നും നിയമവിരുദ്ധമായതോ ഉപയോഗിക്കാന്‍ പാടില്ലാത്തതോ ആയ ഒരു കെമിക്കലും പടക്ക നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും വില്‍സണ്‍ പറഞ്ഞു.

Previous Post Next Post