മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടി, വൈദ്യപരിശോധനയ്ക്ക് എത്തിച്ചതിന് പിന്നാലെ.


മദ്യലഹരിയിൽ ആശുപത്രിയിൽ പരാക്രമം കാണിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ആയിരുന്നു സംഭവം. പെരുങ്ങുഴി സ്വദേശി സജീവനാണ് ആശുപത്രിയിൽ വെച്ച് അക്രമാസക്തനാവുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തത്.

മദ്യപിച്ച് വാഹനം ഓടിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ വച്ച് സജീവനെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ആശുപത്രിയിൽ വെെദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഇയാൾ അക്രമാസക്തനായത്. ഡോക്ടർ പരിശോധിക്കുന്നതിനിടെ ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങൾ തകർത്ത പ്രതി. സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. ഏറെ ബലം പ്രയോഗിച്ചാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. നിലവിൽ പ്രതി ചിറയിൻകീഴ് പോലീസിന്റെ കസ്റ്റഡിയിലാണ്.

Previous Post Next Post