സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു…. എൽഡിഎഫ് പരാജയത്തിൽ രക്തസാക്ഷി കുടുംബങ്ങൾ പോലും സന്തോഷിക്കുമെന്ന് ഷാഫി പറമ്പിൽ


പാലക്കാട്: കേരളത്തിൽ ഭരണമാറ്റ വികാരം അതിശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനങ്ങൾ ‘എക്സിറ്റ്’ അടിച്ചു കഴിഞ്ഞെന്നും ഷാഫി പറമ്പിൽ എംപി. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ പരാജയപ്പെടുമെന്നും യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. പ്രചാരണത്തിൽ വർഗീയത കലർത്താൻ ശ്രമിച്ച സിപിഎമ്മിനുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. ബിജെപി ഉത്തരേന്ത്യയിൽ പ്രയോഗിക്കുന്ന അതേ തന്ത്രങ്ങളാണ് ‘കാഫിർ’, ‘ഖൗം’ തുടങ്ങിയ പദങ്ങളിലൂടെ സിപിഎം ഇവിടെ പയറ്റുന്നതെന്ന് ഷാഫി ആരോപിച്ചു.

യുഡിഎഫിന്റെ വിജയം ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ പിന്തുണ കൊണ്ടല്ല. ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമന്യേ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ ഏകീകരണമാണ് ഉണ്ടായത്. എസ്ഡിപിഐയുമായും ബിജെപിയുമായും സിപിഎം ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളിൽ പാർട്ടി കേഡർമാർക്കിടയിൽ തന്നെ വലിയ പ്രതിഷേധമുണ്ട്. പാർട്ടിയുടെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജനാധിപത്യ സ്വഭാവമുള്ള കോൺഗ്രസിൽ അഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post