
വിഴിഞ്ഞത്ത് വീടിന് മുന്നിലെ പില്ലറുകൾക്കിടയിൽ കാൽ കുടുങ്ങിപ്പോയ 12 വയസുകാരനെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. വിഴിഞ്ഞം കടകുളം , കോട്ടപ്പുറം സ്വദേശി റയാൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കാല് അപ്രതീക്ഷിതമായി പില്ലറിനിടയിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഏറെ നേരം പരിശ്രമിച്ചെങ്കിലും കാൽ പുറത്തെടുക്കാൻ സാധിച്ചില്ല. തുടർന്ന് ഉടൻ തന്നെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കണ്ടത് വേദനയാൽ പുളയുന്ന കുട്ടിയെയാണ്. ഒട്ടും സമയം പാഴാക്കാതെ, റെസ്ക്യൂ ടൂളുകൾ ഉപയോഗിച്ച് ശ്രദ്ധയോടെ സേന രക്ഷാപ്രവർത്തനം നടത്തി. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പില്ലറിൻ്റെ ഭാഗങ്ങൾ പൊളിച്ച് പരിക്കുകളൊന്നുമില്ലാതെ കുട്ടിയെ സുരക്ഷിതനായി പുറത്തെടുക്കുകയായിരുന്നു. വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ ദിനേശ്, ശിവൻ, ഓഫീസർമാരായ സന്തോഷ് കുമാർ, പ്രണവ്, ശ്യാം ധരൻ, രതീഷ് എന്നിവർ പങ്കെടുത്തു.