
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്ത്രീകൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുന്നതായി റിപ്പോർട്ട്. കാസർകോട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നായി നിരവധി കേസുകളാണ് ഇത്തരത്തിൽ പുറത്തുവരുന്നത്. കോഴിക്കോട് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെ രാമനാട്ടുകര സ്വദേശിനി സാന്ദ്ര സദാനന്ദൻ നൽകിയ പരാതിയോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
അത്യന്തം അപകടകരമായ രീതിയിലാണ് കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് സാധാരണ ചിത്രങ്ങളെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയാണ് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന നടത്തുന്നത്. കാസർകോട് മാത്രം മുപ്പത്തിരണ്ടോളം പേരുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ഒരാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. കോട്ടയത്ത് വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും പുരുഷന്മാരുടെ ചിത്രങ്ങൾ കൂടി ഇതിലേക്ക് ചേർത്തുവെച്ച് കുടുംബകലഹങ്ങൾക്കും ഈ ക്രിമിനലുകൾ വഴിയൊരുക്കുന്നു.
വെറും പ്രചാരണം മാത്രമല്ല, പണം വാങ്ങി ചിത്രങ്ങൾ വിൽക്കുന്നതും ‘ഫോട്ടോ എക്സ്ചേഞ്ചിങ്’ നടത്തുന്നതും പതിവാണെന്ന് സാന്ദ്ര സദാനന്ദൻ നൽകിയ പരാതിയിൽ പറയുന്നു. കുറ്റാരോപിതനായ നിതിൻ മോഹൻദാസ് വാട്സാപ്പ് വഴിയും ഇൻസ്റ്റഗ്രാം വഴിയും പെൺകുട്ടികൾക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും മോർഫ് ചെയ്ത ദൃശ്യങ്ങളും അയച്ച് നിരന്തരം വേട്ടയാടിയിരുന്നതായും യുവതികൾ വെളിപ്പെടുത്തി. അപമാനം ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നത് കുറ്റവാളികൾക്ക് തുണയാകുന്നുണ്ട്. എന്നാൽ സ്ത്രീകൾ നേരിട്ട് പരാതിയുമായി രംഗത്തെത്തിയതോടെ സൈബർ ഓപ്പറേഷൻസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സൈബർ ഇടങ്ങളിലെ സ്ത്രീസുരക്ഷ വീണ്ടും ചോദ്യചിഹ്നമാകുമ്പോൾ, നിയമനടപടികൾ കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു.