
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വി.ഡി. സതീശന് ലഭിക്കുന്ന ജനങ്ങളുടെ അഭിപ്രായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങൾ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും യുഡിഎഫ് വലിയ വിജയം നേടുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച പിന്തുണ ജനവികാരമാണ്. ആളുകളുടെ അഭിപ്രായം അതുതന്നെയാണെന്നാണ് തോന്നുന്നത്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ജനവികാരം മാനിച്ചുതന്നെ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഒരു ഏജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും യുഡിഎഫിന് വിജയമാണെന്നാണ് പറയുന്നത്. എക്സിറ്റ് പോളുകളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.
മന്ത്രിസഭയിൽ അടക്കം മുൻകാലങ്ങളിൽ ലീഗിന് നല്ല പരിഗണന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്ന കാര്യങ്ങൾ ചോദിച്ചുവാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ല. അർഹതപ്പെട്ടത് ലീഗിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. സിപിഐഎം നേതാവ് എ.കെ. ബാലൻ്റെ പ്രസ്താവനയ്ക്കും സാദിഖലി തങ്ങൾ മറുപടി നൽകി. ലീഗിൻ്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണ്. ലീഗിന് അവരുടേതായ വ്യക്തമായ അജണ്ടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ സാദിഖലി തങ്ങളുടെ പ്രതികരണം വലിയ ചർച്ചയായിരിക്കുകയാണ്. യുഡിഎഫ് ക്യാമ്പിൽ ഇത് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.