തിരുവനന്തപുരം: വിഷുദിനത്തിൽ തലസ്ഥാനത്ത് ദാരുണമായ അപകടം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൽ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് വിഷുക്കണി വെച്ച നിലവിളക്കിൽ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചത്. പുലർച്ചെയുണ്ടായ അപകടത്തിൽ വീടിന്റെ ഹാളും വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വീട്ടിലെ മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ എഴുന്നേറ്റ് വിഷുക്കണി കണ്ട ശേഷം നിലവിളക്ക് അണയ്ക്കാതെ വീട്ടുകാർ തിരികെ ഉറങ്ങാൻ പോയിരുന്നു. വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. വീടിന്റെ ഹാളും അവിടെയുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. ചൂട് കാരണം വീടിന്റെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജനാലയിലൂടെ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.