
കോടതി പരിസരത്ത് പ്രണയജോഡികളുടെ ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ വൻ സംഘർഷം. മുക്കം ചെറുവാടി സ്വദേശിനി നിദ ഷെറിനും കാമുകൻ ഷാമിലിനും ഒപ്പമെത്തിയവരാണ് കോടതിക്ക് മുന്നിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പരിക്കേറ്റ ചിലരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ നാലാം തീയതി മുതൽ നിദയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ നിദ കാമുകനായ ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പോലീസ് ഇരുവരെയും താമരശ്ശേരി കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി നിദയ്ക്ക് അനുവാദം നൽകി.കോടതിക്ക് പുറത്തിറങ്ങിയ നിദയെ, വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കൾ കൂടെക്കൂട്ടാൻ ശ്രമിച്ചു. എന്നാൽ ഇത് തടയാൻ കാമുകനും സുഹൃത്തുക്കളും രംഗത്തെത്തിയതോടെയാണ് കോടതിക്ക് മുന്നിൽ കയ്യാങ്കളിയും കൂട്ടത്തല്ലും ഉണ്ടായത്. പോലീസ് ഇടപെട്ടാണ് ഒടുവിൽ സ്ഥിതിഗതികൾ ശാന്തമാക്കിയത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം