ഷെയർ ടാക്സിയെന്ന് വിശ്വസിപ്പിച്ച് യുവതിയെ കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം… ഡോർ തുറന്ന് പുറത്തേക്ക് ചാടി യുവതി, രണ്ടുപേർ പിടിയിൽ


        

തിരുവനന്തപുരം: ബസ് കാത്തുനിന്ന യുവതിയെ ഷെയർ ടാക്സിയാണെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകൻ (54) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ വിഴിഞ്ഞം-വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ വെച്ചായിരുന്നു സംഭവം. തമ്പാനൂരിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ പ്രതികൾ തങ്ങളുടേത് ഷെയർ ടാക്സിയാണെന്നും 200 രൂപ തന്നാൽ തമ്പാനൂരിൽ ഇറക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു. വരുന്നില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും നിർബന്ധിച്ചതിനെ തുടർന്ന് യുവതി കാറിന്റെ പിൻസീറ്റിൽ കയറി. യാത്ര തുടങ്ങി അല്പദൂരത്തിന് ശേഷം ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ പ്രതികൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചെങ്കിലും സഹായത്തിന് ആരും എത്തിയില്ല. തുടർന്ന് കാറിന്റെ വേഗത കുറഞ്ഞ തക്കം നോക്കി യുവതി ഡോർ തുറന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുയുവതി പുറത്തേക്ക് ചാടിയതോടെ പ്രതികൾ കാറുമായി കടന്നുകളഞ്ഞു. എന്നാൽ പതറാതെ നിന്ന യുവതി തന്റെ ഫോണിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ചിത്രം പകർത്തിയിരുന്നു. ഈ ചിത്രത്തിൽ നിന്നും ലഭിച്ച രജിസ്‌ട്രേഷൻ നമ്പർ തമ്പാനൂർ പോലീസിന് നൽകിയ പരാതിക്കൊപ്പം സമർപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഴിഞ്ഞം പോലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Previous Post Next Post