കൊല്ലം: ജില്ലയിൽ ചൂട് ക്രമാതീതമായി വർധിക്കുന്നതിനിടെ പോരുവഴിയിൽ പത്തു വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. ഇന്നലെ വൈകുന്നേരം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദിന് സൂര്യാതപമേറ്റത്.
കുട്ടിയുടെ കൈകൾക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. ഇതിൽ തോളിന്റെ ഭാഗത്താണ് കൂടുതൽ ആഴത്തിൽ പൊള്ളലേറ്റത്. കടുത്ത ചൂടിനെത്തുടർന്ന് ചർമ്മം ചുവന്ന് തടിക്കുകയും പൊള്ളൽ അനുഭവപ്പെടുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ദേവനന്ദന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എങ്കിലും നിലവിലെ സാഹചര്യത്തിൽ കുട്ടികൾ പുറത്തിറങ്ങി കളിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താപനില ഉയർന്നുതന്നെ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.