ചക്ക ചാക്കിട്ട് പൊതിയാം, പക്ഷേ ആനയെ എന്തുചെയ്യും?സ്‌കൂൾ മുറ്റത്തെ ശില്പം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു





കൊടുങ്ങല്ലൂർ : സ്കൂൾ കവാടത്തിൽ തുമ്പിക്കൈ ഉയർത്തി ചക്ക പറിക്കാൻ നിൽക്കുന്ന ആനയുടെ ശില്പം കാണാൻ നല്ല രസമാണ്, പക്ഷേ വോട്ടെടുപ്പ് അടുത്തതോടെ ഉദ്യോഗസ്ഥർക്ക് ഇത് വെറുമൊരു ശില്പമല്ല—’പെരുമാറ്റച്ചട്ട’ ലംഘനമാണ്! തൃശ്ശൂരിലെ അന്നമനടയിലുള്ള സ്കൂളിലെ ഈ കൗതുക ശില്പമാണ് വോട്ടിങ് ദിനത്തിൽ അധികാരികളുടെ സ്വസ്ഥത കെടുത്തുന്നത്. ബാലറ്റിൽ സ്ഥാനാർത്ഥികൾക്ക് ആനയും ചക്കയും ചിഹ്നങ്ങളായി ലഭിച്ചതാണ് വില്ലനായത്.

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കേണ്ട സ്‌കൂൾ കവാടത്തിലാണ് ഈ ചിഹ്നം തല ഉയർത്തിനിൽക്കുന്നത്. ഇതോടെ ഈ ആനയും ചക്കയും ആസ്വാദനത്തിനപ്പുറം വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും ചിഹ്നം അനുവദിച്ചുകിട്ടിയ രണ്ടുപേർ ഒഴികെയുള്ളവരും. ഇതോടെ ഈ ആനയെയും ചക്കയെയും എങ്ങനെ ബൂത്തിലെത്തുന്നവരുടെ കണ്ണെത്താതെ ഒളിപ്പിക്കാനാവുമെന്ന ചിന്തയിലായി പോളിങ് ഓഫീസർമാരും.
Previous Post Next Post