ദുമാ മോസ്കോ: ആഗോള ആരോഗ്യരംഗത്ത് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന നിർണായക ചർച്ചകൾക്ക് വേദിയായി റഷ്യയിൽ നടന്ന ബ്രിക്സ് (BRICS) രാജ്യങ്ങളുടെ ടയർ-2 സമ്മേളനം. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്‌റ്റേറ്റ് ഡ്യൂമയിൽ നടന്ന സമ്മേളനത്തിൽ, ഡെപ്യൂട്ടി ഓഫ് സ്‌റ്റേറ്റ് ദുമാ റഷ്യൻ ഫെഡറേഷൻ ഡിമിറ്ററി കുസ്നേറ്റസോവ്, കോ ഫൗണ്ടർ ഓഫ് BRICS കൌൺസിൽ ഓൺ പ്രീവെന്റീവ് മെഡിസിൻ - മരിയ മര്യാസോവ, ഇന്ത്യൻ പ്രതിനിധികളായി ചാണ്ടി ഉമ്മൻ എംഎൽഎ, എക്സിക്യൂട്ടീവ് ഡയറക്‌ടർ ഓഫ് ബ്രിക്സ് പ്രീവെന്റീവ് മെഡിസിൻ ഡോ. അഖിൽ ടോം മാത്യു വാലയിൽ, ഒപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഇന്ത്യയുടെ അഭിമാനമായ ആയുർവേദത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. രോഗചികിത്സയിൽ ഒതുങ്ങാതെ, മുൻകരുതൽ ആരോഗ്യസംരക്ഷണത്തിലും ജീവിതശൈലി മാറ്റങ്ങളിലുമാണ് ഭാവി ലോകം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
സമ്മേളനത്തിൽ ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് പ്രിവന്റീവ് ആന്റ് ട്രഡീഷനൽ മെഡിസിൻ സെന്റർ (Preventive and Traditional Medicine Centre) രൂപീകരിക്കാൻ തീരുമാനിച്ചു. പരമ്പരാഗത ചൈനീസ് ചികിത്സാവിധിയും ആയൂർവേദവും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ചികിത്സാരീതികളെ ഏകോപിപ്പിച്ച് ശാസ്ത്രീയമായി വികസിപ്പിക്കുകയും ആഗോളതലത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സംയുക്‌ത ഗവേഷണം, ഔഷധസസ്യങ്ങളുടെ ശാസ്ത്രീയ പഠനം, പരിശീലന-വിദ്യാഭ്യാസ സഹകരണം, മുൻകരുതൽ ആരോഗ്യരീതികളുടെ വ്യാപനം എന്നിവയ്ക്ക് ഈ കേന്ദ്രം വഴിതുറക്കും. ആരോഗ്യച്ചെലവ് കുറയ്ക്കാനും പ്രകൃതിയോട് ചേർന്ന ജീവിതരീതികളെ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.