അങ്കണവാടികളിൽ കുട്ടികളെ നിർബന്ധിച്ച് ഇരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷൻ…


സംസ്ഥാനത്ത് തുടരുന്ന കനത്ത വേനൽ ചൂടിന്റെ പശ്ചാത്തലത്തിൽ അംഗണവാടി കുട്ടികൾക്കായി പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ ഇരുത്തേണ്ടതില്ലെന്നും വരാത്ത കുട്ടികൾക്ക് അർഹമായ പോഷകാഹാരങ്ങൾ വീട്ടിലെത്തിച്ചു നൽകണമെന്നും കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഉത്തരവിട്ടു.

പോഷകാഹാരം വീട്ടിലേക്ക്… ചൂട് കാരണം അങ്കണവാടികളിൽ എത്താത്ത കുട്ടികൾക്ക് അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും പോഷകാഹാരങ്ങളും വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണം.കെട്ടിടങ്ങൾക്ക് നിയന്ത്രണം… ടിൻ ഷീറ്റുകൾ മേൽക്കൂരയായി ഉപയോഗിച്ചിട്ടുള്ളതും വായുസഞ്ചാരം കുറഞ്ഞതുമായ അങ്കണവാടികൾ നിലവിലെ സാഹചര്യത്തിൽ തുറന്നു പ്രവർത്തിപ്പിക്കാൻ പാടില്ല.


കളിസമയം… പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ കുട്ടികളെ യാതൊരു കാരണവശാലും പുറത്ത് കളിക്കാൻ വിടരുത്.


കുടിവെള്ളം… എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് ഇടയ്ക്കിടെ വെള്ളം നൽകുന്നുണ്ടെന്ന് ജീവനക്കാർ ഉറപ്പുവരുത്തണം.


മുൻ പത്തനംതിട്ട നഗരസഭ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ. എ. സുരേഷ് കുമാർ നൽകിയ പരാതിയെത്തുടർന്നാണ് കമ്മീഷന്റെ ഈ ഇടപെടൽ. ഈ നിർദ്ദേശങ്ങൾ 15 ദിവസത്തിനുള്ളിൽ നടപ്പിലാക്കി വിവരം അറിയിക്കണമെന്ന് വനിതാ ശിശു വികസന ഡയറക്ടർക്കും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

أحدث أقدم