സ്വർണവിലയ്‌ക്കൊപ്പം വായ്പയും കുതിക്കുന്നു… ഗോൾഡ് ലോൺ വിപണിയിൽ വൻ വളർച്ച…



രാജ്യത്തെ റീട്ടെയിൽ ക്രെഡിറ്റ് വിപണിയിൽ ഹൗസിംഗ് വായ്പകൾക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തേക്ക് സ്വർണ്ണ വായ്പകൾ ഉയർന്നതായി ട്രാൻസ്‌യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട്. 2022 മാർച്ചിന് ശേഷം ഗോൾഡ് ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ 3.8 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവില വർധിക്കുന്നതിനനുസരിച്ച് കൂടുതൽ തുക വായ്പയായി ലഭിക്കുന്നത് വിപണിയിലെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.

ശരാശരി വായ്പാ തുക 90,000 രൂപയിൽ നിന്ന് 1.96 ലക്ഷം രൂപയായി ഉയർന്നു. അടിയന്തര ആവശ്യങ്ങൾക്കുള്ള ചെറിയ വായ്പ എന്ന നിലയിൽ നിന്ന് സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമായി ഗോൾഡ് ലോൺ മാറുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. വായ്പ എടുക്കുന്നവരിൽ 39 ശതമാനവും സ്ത്രീകളാണ്. 2022-ൽ 1.1 ലക്ഷമായിരുന്ന ശരാശരി കുടിശിക തുക 2025 ഡിസംബറോടെ 1.9 ലക്ഷമായി ഉയർന്നു. ഇന്ത്യയിലെ ആകെ സ്വർണ്ണ വായ്പയുടെ 51.1 ശതമാനവും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 9 ശതമാനം വിഹിതവും 16 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നിലവിൽ ആകെ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്ഫോളിയോയുടെ 11.1 ശതമാനം സ്വർണ്ണ വായ്പകളാണ്. സാധാരണക്കാർക്കിടയിൽ സ്വർണ്ണ വായ്പയ്ക്കുള്ള സ്വീകാര്യത വർധിക്കുന്നതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Previous Post Next Post