
കർണാടകയിലെ ചിക്മഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തിയെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും കുടുംബം ആരോപിക്കുന്നു.
ചൊവ്വാഴ്ച വൈകിട്ട് മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതാകുന്നത്. 41 അംഗ സംഘത്തോടൊപ്പം എത്തിയ കുട്ടി അഞ്ചരയോടെ കാണാതാവുകയായിരുന്നു. എന്നാൽ ഇപ്പോൾ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി സംശയങ്ങളാണ് കുടുംബം ഉയർത്തുന്നത്. മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെ മുൻപ് കൂടെയുണ്ടായിരുന്നവർ ഇറങ്ങി പരിശോധിച്ചിരുന്നതായും അന്ന് അവിടെ മൃതദേഹം ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. കണ്ടെത്തിയ മൃതദേഹത്തിന് അത്രത്തോളം പഴക്കമില്ലെന്ന സൂചനകളും ഇവർ പങ്കുവെക്കുന്നുണ്ട്.
പ്രദേശവാസികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചില്ലെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. തിരച്ചിലിനായെത്തിയ സ്നിഫർ ഡോഗ് ആദ്യം ഓടിക്കയറിയത് പ്രദേശത്തെ ഒരു കടയിലേക്കായിരുന്നു. എന്നാൽ ആ കടയുടമയെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറായില്ലെന്ന് കുട്ടിയുടെ വല്ല്യച്ചൻ ശശികുമാർ ആരോപിച്ചു. വൈകിട്ട് 5.20-ന് ശ്രീനന്ദ ഫോട്ടോയെടുത്തിരുന്നു. പത്ത് മിനിറ്റിന് ശേഷം സംഘം പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴാണ് കുട്ടി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടി എങ്ങനെ ഇത്ര താഴ്ചയിലേക്ക് വീണു എന്നതിലും ദുരൂഹതയുണ്ട്.
നൂറോളം പേർ അടങ്ങുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ലഹരി മാഫിയ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ഉണ്ടോ എന്നതടക്കം എല്ലാ വശങ്ങളും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിൽ കർണാടക പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.