നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ബന്ദായി മാറിയേക്കും: കോട്ടയത്ത് സ്വകാര്യ ബസ് ഓടില്ല: കടകൾ തുറന്നേക്കില്ല.




കോട്ടയം:നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ബന്ദായി മാറിയേക്കും. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊന്നും നാളത്തെ ഹര്‍ത്താലിന് ഔദ്യോഗികമായി പിന്തുണ അറിയിച്ചിട്ടില്ലെങ്കിലും എല്ലാവരും സഹകരിച്ചേക്കും എന്നാണ് വിവരം.
52 ദളിത്, ആദിവാസി, പൗര സംഘടനകളുടെ കൂട്ടായ്മയായ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിന്‍ രാജിന്റെ മരണത്തില്‍ അട്ടിമറി ആരോപിച്ചും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

12 മണിക്കൂറാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ഹര്‍ത്താല്‍ വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. പൗര സമൂഹമുള്‍പ്പെടെ 60 ഓളം സംഘടനകളാണ് ഹര്‍ത്താലിനെ പിന്തുണക്കുന്നത് എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ അവകാശപ്പെടുന്നത്. പല സംഘടനകളും ഇതിനോടകം ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്‌എം) ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് പുലര്‍ത്തുന്ന നിസംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതെന്ന് കെപിഎസ്‌എം അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നും കെപിഎസ്‌എം സംസ്ഥാന പ്രസിഡന്റ് കെവി പത്മനാഭനും ജനറല്‍ സെക്രട്ടറി എസ് അന്‍വറും ആവശ്യപ്പെട്ടു.


അതേസമയം കേസിലെ പ്രതിസ്ഥാനത്തുള്ള അധ്യാപകരെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച്‌ 28 ന് നടത്തുന്ന കേരള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് അംബേദ്കര്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്.) ആഹ്വാനം ചെയ്തു. കുറ്റക്കാരായ അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. സിജെ ജോസ്, വൈസ് ചെയര്‍മാന്‍ ഡോ.ഷിബു ജയരാജ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിക്കണം എന്ന് സംഘടനകള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ തടയും എന്നും ചില സംഘടനകള്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ആരേയും നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ലെങ്കില്‍ ഗതാഗതം തടസപ്പെടും. വ്യാപാരി വ്യവസായി ഏകോപന സമിതി ഇതുവരെ ഹര്‍ത്താലില്‍ നിലപാട് അറിയിച്ചിട്ടില്ല. ഹര്‍ത്താലുമായി സഹകരിക്കും എന്ന് സംഘടന അറിയിച്ചാല്‍ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും.

പാല്‍, പത്രം, ആശുപത്രികള്‍, ആംബുലന്‍സ് സര്‍വീസുകള്‍, മരുന്ന് കടകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും എന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. അതേസമയം ഹര്‍ത്താലില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തുടനീളം പൊലീസ് സുരക്ഷ ശക്തമാക്കും.

സ്വകാര്യ ബസുകൾ ഓടില്ല.
നാളത്തെ ഹർത്താലിൽ കോട്ടയത്ത് സ്വകാര്യ ബസുകൾ ഓടില്ല. ബസ് നിരത്തിലിറക്കാതെ ഹർത്താലിൽ സഹകരിക്കണമെന്ന് സംഘടനകൾ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം തങ്ങളുടെ വാട്സ്അപ്പ് ഗ്രൂപ്പ് വഴി എല്ലാ ബസ് ഉടമകളെയും അറിയിച്ചിട്ടുണ്ട്.

കെ എസ് ആർടിസി പോലീസ് സംരഷണത്തോടെ ചില സർവീസുകൾ നടത്തിയേക്കും. മെഡിക്കൽ കോളജ് സർവീസ് നടത്താനാണ് സാധ്യത. ടാക്സിയും ഓട്ടോയും ഓടാൻ സാധ്യതയില്ല.
ബസും യാത്രക്കാ യാത്രക്കാരും ഇല്ലെങ്കിൽ കടകൾ തുറന്നിട്ട് കാര്യമില്ലന്നാണ് വ്യാപാരികളുടെ നിലപാട്. ഇതോടെ കടകളും അടഞ്ഞുകിടക്കും.
Previous Post Next Post