അഗ്നിനാളമായി വെയിൽ… നിർത്തിയിട്ട ഓട്ടോയുടെ ചില്ല് പൊട്ടിത്തെറിച്ചു…. ഡ്രൈവർക്ക് പരിക്ക്


        

പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് കടുത്ത ചൂടിനെത്തുടർന്ന് തനിയെ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. മണ്ണാർക്കാട് സ്വദേശി ജഷീറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

കോടതിപ്പടിയിൽ വാഹനം നിർത്തിയിട്ടിരുന്ന സമയത്താണ് വലിയ ശബ്ദത്തോടെ ഗ്ലാസ് തകർന്നത്. അമിതമായ ചൂട് കാരണം ചില്ല് വികസിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ചില്ല് പൊട്ടിത്തെറിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന ഡ്രൈവർ ജഷീറിന്റെ കാലിന് ചില്ല് കൊണ്ട് നിസ്സാരമായി പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ജഷീർ പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തുന്നത്. വാഹനങ്ങൾ വെയിലത്ത് നിർത്തിയിടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. വാഹനത്തിനുള്ളിലെ വായുസഞ്ചാരം കുറയുന്നതും കടുത്ത വെയിലിൽ നിർത്തിയിടുന്നതും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നു. വാഹന ഉടമകൾ വേനൽക്കാലത്ത് കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



أحدث أقدم