ആറ് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം… ബാലാവകാശ കമ്മീഷൻ കേസെടുത്തു… പൊലീസിനെതിരെ പിതാവ്


കാസർഗോഡ്: ആറ് വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറത്തോടും അടിയന്തരമായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. പ്രതിയായ ഷൗക്കത്തലി കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അയൽവാസി മൊബൈലിൽ പകർത്തുകയായിരുന്നു.

കുട്ടിയുടെ മൊഴി പ്രകാരം അതിക്രൂരമായ ശിക്ഷാമുറകളാണ് രണ്ടാനച്ഛൻ നടപ്പിലാക്കിയിരുന്നത്.കുട്ടിയുടെ മൊഴി പ്രകാരം അതിക്രൂരമായ ശിക്ഷാമുറകളാണ് രണ്ടാനച്ഛൻ നടപ്പിലാക്കിയിരുന്നത്. കുട്ടിയുടെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച് അമർത്തിയ ശേഷം മറുഭാഗത്ത് ശക്തമായി അടിച്ചു. കാലുകൾ കഴുത്തോളം വളച്ചൊടിക്കുകയും കഴുത്ത് നിലത്ത് അമർത്തിപ്പിടിക്കുകയും ചെയ്തു.

കുട്ടി കരയുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയാണ് മർദ്ദനം തുടർന്നിരുന്നത്. ഉറങ്ങിക്കിടക്കുമ്പോൾ പോലും മർദ്ദനം പതിവായിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റ പാടുകളുണ്ട്. ശരീരത്തിലും തലയിലും പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ടെന്നും കണ്ടെത്തി. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.”പ്രതിക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതിനാലാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചത്. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമം നടത്തി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം.” – കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ലീഗൽ സർവീസസ് അതോറിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളിക്കെതിരെ കർശനമായ പോക്സോ നിയമങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.

أحدث أقدم