
ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സ്വകാര്യ പ്രാക്ടിസ് കേന്ദ്രത്തില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം സ്വദേശികളായ ടി ജുമൈല (36), എ കെ കദീജ (45), എ കെ ഷഹര്‍ബാന്‍ (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ ആണ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് (48) സ്വകാര്യ പരിശോധന കേന്ദ്രത്തില്‍ അകത്തു നിന്ന് പൂട്ടി മര്‍ദ്ദിച്ചത്. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപം ഡോ. സിനി ജലീല്‍ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ പരിശോധന കേന്ദ്രത്തില്‍ വ്യാഴാഴ്ച വൈകിട്ട് 5.15നായിരുന്നു സംഭവം. പ്രതികളുടെ ബന്ധുവായ 31 കാരിയെ ഗര്‍ഭാവസ്ഥയില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില മോശമായതോടെ അവിടെനിന്ന് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍വെച്ച് ഗര്‍ഭിണി മാര്‍ച്ച് 25ന് മരിച്ചു. പിന്നാലെ ആയിരുന്നു ആക്രമണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോ. സിനി ജലീല്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.