കാരവാൻ തിരിച്ചറിഞ്ഞു, സാക്ഷികളെ വിളിപ്പിച്ചു….. രഞ്ജിത്ത് കേസിൽ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം


കൊച്ചി: യുവനടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നീക്കം. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഞ്ജിത്തിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. നിലവിൽ റിമാൻഡിൽ കഴിയുന്ന അദ്ദേഹത്തെ നാളെ കോടതിയിൽ ഹാജരാക്കും.

പരാതിക്കാസ്പദമായ സംഭവം നടന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്ന ചലച്ചിത്ര പ്രവർത്തകരെ പോലീസ് വിളിപ്പിച്ചു തുടങ്ങി. ചിലർ നിലവിൽ കേരളത്തിന് പുറത്താണെന്നാണ് വിവരം. സംഭവസമയത്ത് ലൊക്കേഷനിലുണ്ടായിരുന്നവരിൽ നിന്ന് സാഹചര്യത്തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. രഞ്ജിത്തിനെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് സംശയിക്കുന്ന നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇവരുടെ സഹായം ലഭിച്ചുവെന്ന് സ്ഥിരീകരിച്ചാൽ കേസിൽ ഇരുവരെയും പ്രതിചേർക്കാനാണ് പോലീസിന്റെ നീക്കം.

നടി പരാതിയിൽ സൂചിപ്പിച്ച കാരവാൻ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നാണ് നടിയുടെ മൊഴി. എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം മുട്ടത്തുവെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നടന്ന അതിക്രമ വിവരം ആരെങ്കിലും ബോധപൂർവ്വം മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Previous Post Next Post