തിരൂരിൽ വാടകമുറിയിൽ തൊഴിലാളി മരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി അറസ്റ്റിൽ


തിരൂർ: നാളിശ്ശേരിയിലെ വാടകമുറിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അതിഥിത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് നാളിശ്ശേരി ആയിശവീട്ടിൽ 55-കാരനായ മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടത്. കേസിൽ ബംഗാൾ സ്വദേശിയായ താരിഫുൾ ഹഖിനെയാണ് പൊലീസ് പിടികൂടിയത്.

ഏപ്രിൽ 14-ന് രാത്രി ഇരുവരും ഒരുമിച്ച് വാടകമുറിയിൽ താമസിച്ചിരുന്നു. എന്നാൽ 15-ന് രാവിലെ 7 മണിയോടെ കെട്ടിട ഉടമ മുറി പരിശോധിക്കാനെത്തിയപ്പോൾ മുഹമ്മദ് ഷാഫി മരിച്ച നിലയിൽ കിടക്കുന്നത് കണ്ടു. അതേസമയം മുറിയിൽ ഉണ്ടായിരുന്ന താരിഫുൾ ഹഖ് ഉടമയെ കണ്ട ഉടൻ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുഹമ്മദ് ഷാഫിയുടെ തലയുടെ പിന്നിൽ രക്തം തളംകെട്ടിയ നിലയിൽ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് സംശയം ശക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താരിഫുൾ ഹഖിനെ ഏതാനും കിലോമീറ്റർ അകലെയിൽ നിന്ന് പിടികൂടുകയായിരുന്നു.

മുഹമ്മദ് ഷാഫിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ഫൊറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്. പ്രതിയെ അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.

Previous Post Next Post