
പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞോടി പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻകുട്ടി എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്.
പകൽ ശീവേലിക്കിടെ തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്. ജനങ്ങൾക്കിടയിലൂടെ വിരണ്ടോടിയ ആന സമീപത്തെ വീടുകളിലേക്ക് ഓടാൻ ശ്രമിച്ചു. വീടുകളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആനയെ തടഞ്ഞുനിർത്തി തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാൻ രാമനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാമനെ ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച രാമന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, ഇടഞ്ഞ ആനയെ ഇതുവരെ പൂർണ്ണമായും തളയ്ക്കാൻ സാധിച്ചിട്ടില്ല. എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും സ്ഥലത്തെത്തി ആനയെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉത്സവപ്പറമ്പിൽ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്ന സമയത്താണ് ആന ഇടഞ്ഞത്. വലിയൊരു ദുരന്തം ഒഴിവായി.