വനിതാ സംവരണം മുൻനിർത്തി പാർലമെന്റ് സമ്മേളനം നീട്ടി കേന്ദ്ര സർക്കാർ


വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കാൻ ലക്ഷ്യമിട്ട് പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ വനിതാ വോട്ടർമാരെ ലക്ഷ്യമിടുന്ന നിർണായക നീക്കമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അവസാനിച്ചതിന് പിന്നാലെ, രാജ്യസഭ പതിനാറ് വരെ നിർത്തിവച്ചിരിക്കുകയാണ്. ഈ മാസം 16 മുതൽ 18 വരെ മൂന്ന് ദിവസത്തേക്കാണ് സഭ വീണ്ടും ചേരുന്നത്. ഈ പ്രത്യേക ദിവസങ്ങളിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. 2029 ന് മുൻപ് വനിതാ സംവരണം നടപ്പാക്കാൻ വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവരുന്നത്.

പശ്ചിമബംഗാളിൽ ഈ മാസം അവസാനം നടക്കുന്ന വോട്ടെടുപ്പിന് മുൻപ് ബിൽ പാസാക്കുന്നത് സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടാൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞ് അടുത്ത മാസം സഭ ചേരുന്നതാണ് ഉചിതമെന്ന നിലപാടിലാണ് പ്രതിപക്ഷം.

ഇതിനിടെ, ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്ന ബിൽ രാജ്യസഭയിലും ഇന്ന് പാസായി. ബിൽ പാസാകുന്നത് കാണാൻ തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിന്റെ മകനും മന്ത്രിയുമായ നര ലോകേഷ് പാർലമെന്റിൽ എത്തിയത് ശ്രദ്ധേയമായി.

Previous Post Next Post