വോട്ടർമാരെ സ്വീകരിക്കാൻ സാരിയുടുത്ത് ‘നില’…. പുതുച്ചേരി തിരഞ്ഞെടുപ്പിൽ ഹൈടെക് വിസ്മയം


പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിലെ പോളിംഗ് ബൂത്തുകളിൽ ഇത്തവണ വോട്ടർമാരെ അമ്പരപ്പിക്കുന്നത് സാരിയുടുത്ത ഒരു സുന്ദരി റോബോട്ടാണ്. ‘നില’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ടാണ് പുതുച്ചേരി വി.ഒ.സി ഗവൺമെന്റ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലെ പ്രധാന ആകർഷണം.

പരമ്പരാഗതമായ സാരി ധരിച്ച്, കൈകളിൽ പൂക്കളുമായി വോട്ടർമാരെ വണങ്ങിയും അഭിവാദ്യം ചെയ്തുമാണ് നില ആളുകളെ സ്വീകരിക്കുന്നത്. തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ സംസാരിക്കാൻ നിലയ്ക്ക് കഴിയും. വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും മുൻകൂട്ടി പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾക്കനുസരിച്ച് സംസാരിക്കാനും ഈ റോബോട്ടിന് സാധിക്കും. കോയമ്പത്തൂർ ആസ്ഥാനമായ ‘റോബോ മിറർ’ എന്ന സ്ഥാപനമാണ് നിലയെ വികസിപ്പിച്ചെടുത്തത്.

ആകെ 10,14,070 വോട്ടർമാരാണ് പുതുച്ചേരിയിലുള്ളത്. ഇതിൽ 5.39 ലക്ഷം സ്ത്രീകളും 4.74 ലക്ഷം പുരുഷന്മാരും 157 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 18-19 വയസ്സ് പ്രായമുള്ള 24,156 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നത്. യുവാക്കളും സ്ത്രീകളും റെക്കോർഡ് എണ്ണത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കേരളം, അസം എന്നിവയ്ക്കൊപ്പം പുതുച്ചേരിയിലും രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. മെയ് 4-നാണ് വോട്ടെണ്ണൽ.

Previous Post Next Post