
ഗുരുവായൂർ തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ തിരുവാഭരണം ഉൾപ്പെടെ ഏഴ് പവനിലധികം സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും മോഷണം പോയി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ഓഫീസ് ലോക്കറിൽ സൂക്ഷിച്ച സ്വർണവും പണവും ഉൾപ്പടെ കവർച്ച നടന്നത്. ഭഗവതിക്ക് ചാർത്തുന്ന മൂന്ന് മാലകൾ, അയ്യപ്പ ഭഗവാനെ അണിയിക്കുന്ന മണിപ്പൊട്ടുകൾ, വഴിപാടായി ലഭിച്ച താലികൾ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു.
ക്ഷേത്രത്തോട് ചേർന്നുള്ള ഓഫീസിന്റെ വാതിലിന്റെ ടവർ ബോൾട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് സ്‌ട്രോങ്ങ് റൂമിന്റെ ഷട്ടർ തകർത്താണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. ഓഫീസ് വാതിലിന്റെ പൂട്ട് ഇളക്കിയിട്ടില്ലെങ്കിലും രണ്ടുപാളികളുള്ള വാതിലിന്റെ ടവർ ബോൾട്ട് തള്ളി തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സ്‌ട്രോങ്ങ് റൂം ഷട്ടറിന്റെ സെന്റർ ലോക്ക് തുറക്കാതെ ഷട്ടർ ഒരു വശത്തുനിന്ന് ഇളക്കിയാണ് മോഷ്ടാവ് പ്രവേശിച്ചത്. മോഷ്ടാവ് കടന്ന ഭാഗത്തെ ഷട്ടർ ഇളക്കി മാറ്റിവെച്ച നിലയിലാണുള്ളത്. ഓഫീസിലുള്ള മറ്റൊരു മുറിയും തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.
ഓഫീസിന് അടുത്ത് വെച്ചിരുന്ന ക്ഷേത്രം പൂജാരിയുടെ ബൈക്കിന്റെ രേഖകൾ പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോൾ ലൈറ്റുകളെല്ലാം അണഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയതെന്നാണ് കരുതുന്നത്. അവിടെ പുല്ലിൽ ചവിട്ടി നടന്ന പാടുകളും കണ്ടെത്തി.