
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിർണായക മാറ്റങ്ങൾ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്ത് വർഷമായി അടച്ചിട്ടിരുന്ന സെക്രട്ടേറിയറ്റിലെ പ്രശസ്തമായ ‘സമരഗേറ്റ്’ (സമരകവാടം) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗേറ്റിനു മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകൾ പൂർണ്ണമായും ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഇന്നാണ് ഈ വേറിട്ട തീരുമാനം നടപ്പിലായത്.
നേരത്തെ വടക്കേ കവാടം (നോർത്ത് ഗേറ്റ്) വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിച്ചതിനെ തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് മുൻ സർക്കാർ സമരഗേറ്റ് അടച്ചത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത് ഈ ഗേറ്റിലൂടെ പ്രവേശിക്കുന്ന വഴിയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഈ കവാടം അടച്ചതോടെ പൊതുജനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നിരുന്നു.
മന്ത്രിമാർക്കും വിഐപികൾക്കും പുറമേ പൊതുജനങ്ങൾക്കും സെക്രട്ടേറിയറ്റിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഈ ഗേറ്റ് സഹായകരമാകും. സുരക്ഷ മുൻനിർത്തി പലപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കവാടങ്ങളിൽ ഒന്നാണിത്. കേരളത്തിലെ വലിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും തൊഴിലാളി യൂണിയൻ സമരങ്ങൾക്കും സാക്ഷ്യം വഹിച്ച വലിയൊരു ചരിത്ര പ്രാധാന്യവും ഈ സമരകവാടത്തിനുണ്ട്.
ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ സമരഗേറ്റ് തുറന്നത് ജനകീയ സർക്കാരെന്ന പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് അണികളും പൊതുജനങ്ങളും. പുതിയ മന്ത്രിമാരുടെ ഓഫീസുകൾ സജ്ജമായതോടെ സെക്രട്ടേറിയറ്റിൽ വരും ദിവസങ്ങളിൽ സന്ദർശകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.