
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറി വെറും 10 ദിവസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി വി.ഡി. സതീശന്റെ യഥാർത്ഥ മുഖംമൂടി അഴിഞ്ഞുവീണ് തകർന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ചങ്ക് തൊടാതെ വിഴുങ്ങുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് ബോർഡിന്റെ കരാളഹസ്തങ്ങളിൽ കുടുങ്ങിയ മുനമ്പം നിവാസികളുടെ പ്രശ്നം താൻ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പരിഹരിക്കുമെന്നായിരുന്നു വി.ഡി. സതീശൻ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മുനമ്പം ഭൂമി വഖഫ് സ്വത്തായി പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു. വി.ഡി. സതീശനും യുഡിഎഫും മുനമ്പം നിവാസികളെയും സഭാനേതാക്കളെയും കബളിപ്പിക്കുകയാണെന്ന് ബിജെപി അന്ന് തന്നെ പറഞ്ഞിരുന്നതായി സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും വെറുപ്പിച്ചുകൊണ്ട് ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്ത് വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് ഈ ഭൂമി പോർട്ടലിൽ അപ്‌ലോഡ് ചെയ്തതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചോ? മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമവിരുദ്ധമായാണ് വഖഫ് ബോർഡ് ഉണ്ടാക്കിയത്. സർക്കാരിന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ബോർഡ് അടിയന്തരമായി പിരിച്ചുവിടണം. ആത്മാർത്ഥതയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ സതീശൻ പറഞ്ഞ വാഗ്ദാനം പാലിക്കണം. 10 മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് മുനമ്പം നിവാസികളെ ക്രൂരമായി വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിലും കോൺഗ്രസിനെതിരെ സുരേന്ദ്രൻ രൂക്ഷമായ ഇരട്ടത്താപ്പ് ആരോപിച്ചു.
കോൺഗ്രസിനെപ്പോലെ ഇരട്ടത്താപ്പുള്ള മറ്റൊരു പാർട്ടിയില്ല. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് കേട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ എന്തൊക്കെ കാര്യങ്ങളാണ് അവർ ചെയ്തത്? ഇപ്പോൾ കെ.സി. വേണുഗോപാലിനോടാണ് എനിക്ക് സഹതാപം തോന്നുന്നത്. യുഡിഎഫിന് വലിയ വിജയം ലഭിച്ചപ്പോൾ വോട്ട് ചോർച്ചയാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നില്ല. ഇപ്പോൾ എന്ത് പരിതോഷികത്തിന്റെ ഭാഗമായാണ് ഖേൽക്കർക്ക് ഈ നിയമനം നൽകിയിരിക്കുന്നത്? വി.ഡി. സതീശൻ നടത്തുന്ന നിയമനങ്ങളെല്ലാം ഓരോ പരിതോഷികങ്ങളുടെ ഭാഗമാണ്. ഈ വിഷയത്തിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.