ട്യൂഷൻ സെന്ററിൽ പീഡനം…. പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച റിട്ട. കെഎസ്ആർടിസി ജീവനക്കാരന് 12 വർഷം കഠിനതടവും പിഴയും


തിരുവനന്തപുരം: ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് (58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ശേഷം സ്വകാര്യ ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു ഇയാൾ.

Tourist Destinations

12 വർഷം കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. കോടതി വിധിച്ച പിഴത്തുക അപര്യാപ്തമായതിനാൽ, പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. 2024-ൽ പ്ലസ് ടു ‘സേ’ പരീക്ഷാ പരിശീലനത്തിന് എത്തിയപ്പോഴാണ് കുട്ടി നിരന്തര പീഡനത്തിന് ഇരയായത്. കുട്ടി മാതാവിനോട് വിവരം വെളിപ്പെടുത്തിയതോടെയാണ് നെയ്യാർ ഡാം പൊലീസ് കേസെടുത്തത്. മറ്റു കുട്ടികളെയും പ്രതി ഉപദ്രവിച്ചിരുന്നതായി അതിജീവിത കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. നെയ്യാർ ഡാം എസ്.എച്ച്.ഒ രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

أحدث أقدم