ക്യാപ്റ്റനും’ സംഘത്തിനും അടിതെറ്റി…. 13 മന്ത്രിമാർ കടപുഴകി, ഇടതുപക്ഷത്തെ നയിക്കാൻ ഇനി ആര്?


തിരുവനന്തപുരം: കേരളത്തിൽ വീശിയടിച്ച യുഡിഎഫ് സുനാമിയിൽ എൽഡിഎഫ് മന്ത്രിസഭയിലെ പ്രമുഖരെല്ലാം ഒഴുകിപ്പോയി. മുഖ്യമന്ത്രി പിണറായി വിജയനും ചുരുക്കം ചില മന്ത്രിമാരും മാത്രം നിയമസഭയിലേക്ക് എത്തുമ്പോൾ, വരാനിരിക്കുന്ന അഞ്ചുവർഷം സഭയിൽ പ്രതിപക്ഷത്തെ ആര് നയിക്കും എന്ന ചോദ്യം ശക്തമാവുകയാണ്. യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാരാണ് പരാജയത്തിന്റെ കയ്പുനീർ കുടിച്ചത്.


പി. രാജീവ്, എം.ബി. രാജേഷ്, കെ.കെ. ശൈലജ എന്നിവർ പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് കനത്ത ആഘാതമായി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരുകളായിരുന്നു ഇവരുടേത്. വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. ചിഞ്ചുറാണി, ഗണേഷ് കുമാർ, വി. അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, വീണ ജോർജ് എന്നിവരും യുഡിഎഫ് തരംഗത്തിൽ കടപുഴകി. തുടർഭരണത്തിന് ശേഷമുള്ള ഈ വമ്പൻ തകർച്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുമ്പോൾ, അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാൽ പിന്നെ ഉയർന്നു കേൾക്കുന്ന പേര് കെ.എൻ. ബാലഗോപാലിന്റേതാണ്. സഭയിലെ അനുഭവപരിചയവും പാർലമെന്ററി രംഗത്തെ പ്രാവീണ്യവും ബാലഗോപാലിന് മുൻതൂക്കം നൽകുന്നു. പാർട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാൽ സജി ചെറിയാന്റെ പേരും ചർച്ചയിലുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ബാലഗോപാലിനാകും നറുക്ക് വീഴാൻ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭരണം നഷ്ടപ്പെട്ടതിനൊപ്പം മന്ത്രിമാരും പ്രമുഖ നേതാക്കളും തോറ്റത് സിപിഎമ്മിനെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും രാഷ്ട്രീയ ഭാവി പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ സി.സി യോഗം ചേർന്ന് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളും.

Previous Post Next Post