ജോലി തേടിയുള്ള യാത്ര അവസാനിച്ചത് മരണത്തിൽ... അത്താണിയിൽ കാർ ബൈക്കിലിടിച്ച് യുവതി മരിച്ചു; കാർ ഓടിച്ചത് 17-കാരൻ





കൊച്ചി: മെച്ചപ്പെട്ട ജോലി തേടി കൊച്ചിയിലെത്തിയ കാസർഗോഡ് സ്വദേശിനിയായ യുവതി വാഹനാപകടത്തിൽ മരിച്ചു. നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ചെങ്കള നെല്ലിക്കട്ട് ചെർളടുക്കത്തെ ഇഷാന ഇസ്മത് (21) ആണ് മരിച്ചത്. ബൈക്കിന് പിന്നിൽ കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

കാസർകോട് യുണൈറ്റഡ് മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന, പുതിയ ജോലി അന്വേഷിച്ചാണ് എറണാകുളത്തേക്ക് എത്തിയത്. അത്താണി എയർപോർട്ട് വിഐപി റോഡിന്റെ തുടക്കത്തിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അതിവേഗമെത്തിയ കാർ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തും കാസർകോട് സ്വദേശിയുമായ സർഫാത്ത് പരിക്കുകളോടെ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത് അരൂർ സ്വദേശിയായ 17-കാരനാണെന്ന് പോലീസ് കണ്ടെത്തി. കുടുംബാംഗങ്ങൾക്കൊപ്പം അത്താണിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇഷാനയുടെ മൃതദേഹം അങ്കമാലി ജനറൽ ആശുപത്രിയിലെ നടപടികൾക്ക് ശേഷം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.
Previous Post Next Post