ചവറ ഷിബു ബേബി ജോണിനൊപ്പം; 18,573 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചു വരവ്


കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തിൽ 2026 നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന് നിർണായക വിജയം. 18,573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഷിബു ബേബി ജോൺ 74,308 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായ സുജിത്ത് വിജയൻപിള്ള 55,735 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി കെ.ആർ രാജേഷ് 11,012 വോട്ടുകളും നേടി.

ആരംഭകാലം മുതൽ ആർഎസ്‌പിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ചവറ, ദീർഘകാലം ഇടത് സ്വാധീനത്തിൽ തന്നെയായിരുന്നു. ബേബി ജോൺ മുഖേന ആരംഭിച്ച രാഷ്ട്രീയ പാരമ്പര്യം പിന്നീട് ഷിബു ബേബി ജോണിലൂടെ തുടരുകയായിരുന്നു. ഇടത് പാളയം വിട്ട് യുഡിഎഫിൽ ചേർന്ന ശേഷവും മണ്ഡലത്തിൽ ശക്തമായ സ്വാധീനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.2016-ൽ എൻ . വിജയൻ പിള്ള വിജയിച്ചതോടെ മണ്ഡലം എൽഡിഎഫിലേക്ക് മാറി. തുടർന്ന് 2021-ൽ സുജിത് വിജയൻപിള്ള വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയം നേടി മണ്ഡലം നിലനിർത്തി. എന്നാൽ ഇത്തവണ ഷിബു ബേബി ജോൺ വമ്പൻ ഭൂരിപക്ഷത്തോടെ തിരിച്ചടവ് നടത്തി. ഇത്തവണയും ഷിബു ബേബി ജോണും സുജിത് വിജയൻപിള്ളയും തമ്മിലായിരുന്നു പ്രധാന പോരാട്ടം.


77.93 ശതമാനം പോളിംഗായിരുന്നു ഇക്കുറി ചവറ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. വികസനവും ആരോപണ പ്രത്യാരോപണങ്ങളും ഒരുപോലെ ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു കടന്നുപോയതും. എൻഡിഎ സ്ഥാനാർത്ഥിക്ക് നിർണായക സ്വാധീനം ചെലുത്താനായില്ല. മണ്ഡലത്തിൽ പ്രധാന മത്സരം എൽഡിഎഫ്–യുഡിഎഫ് തമ്മിലായിരുന്നു.


അതേസമയം, യു.ഡി.എഫ് 101 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 37 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്.


സീറ്റ് നില: എൽ ഡി എഫ് 37 , യു ഡി എഫ് 101 , എൻ ഡി എ 2



أحدث أقدم