
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് (പി.എ) എന്ന വ്യാജേന ഉത്തരാഖണ്ഡ് സ്വദേശിനിയിൽ നിന്ന് തട്ടിയെടുത്തത് 25 ലക്ഷം രൂപ. ഡെറാഡൂൺ നിവാസിയായ ഭാവന പാണ്ഡെ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഭാവനയെ കനിഷ്ക എന്ന പേരിൽ ഒരു യുവതി ഫോണിൽ ബന്ധപ്പെടുകയും താൻ രാഹുൽ ഗാന്ധിയുടെ പി.എ ആണെന്ന് അവകാശപ്പെടുകയും ചെയ്യ്തു. പിന്നാലെ മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, എം.എൽ.എ യശ്പാൽ ആര്യ, മുൻ മന്ത്രി ഹരക് സിംഗ് റാവത്ത്, ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ശബ്ദം അനുകരിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ കേൾപ്പിച്ച് പ്രതി ഭാവനയുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. കോൺഗ്രസ് നേതാക്കളും എം.എൽ.എമാരും ഡെറാഡൂണിലെ ഒരു ഹോട്ടലിൽ തങ്ങുന്നുണ്ടെന്നും മണ്ഡലങ്ങളിൽ സർവേ നടത്തുന്നതിനായി പണം ആവശ്യമാണെന്നും ഭാവനയെ വിശ്വസിപ്പിച്ചു. പണം പിന്നീട് തിരികെ നൽകാമെന്ന ഉറപ്പിൽ തെരെഞ്ഞെടുപ്പ് ടിക്കറ്റ് വാഗ്ദാനം ചെയ്ത് തുക തട്ടുകയായിരുന്നു.