സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവ അവധി ആറുമാസമാക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര നടപ്പാക്കും. സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ച് സമഗ്ര പദ്ധതി നടപ്പാക്കും. ഓൺലൈൻ ലഹരി ശൃംഖലകൾ കർശനമായി തടയുന്നതിനൊപ്പം, ലഹരിക്കേസുകളിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. പുതിയ എക്സൈസ് നയത്തിലും മാറ്റങ്ങൾ വരുത്തും.
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വിശദീകരിക്കാൻ ധവളപത്രം ഇറക്കും. ഉപരിപഠന മേഖലയിൽ കൂടുതൽ കുട്ടികൾക്ക് അവസരം ഉറപ്പാക്കാൻ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. കൃഷി ലാഭകരമാക്കും, ആരോഗ്യമേഖല ശക്തിപ്പെടുത്തി കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കും. വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും, സംസ്ഥാനത്തിന്റെ ജലനയം പരിഷ്‌കരിക്കും. കേരളത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കുകയാണ് ലക്ഷ്യം.