കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞ മലയാളി യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം



Namita Sebastian

ബ്രിട്ടീഷ് കൊളംബിയ: പ്രിൻസ് ജോർജിൽ തോളെല്ല് സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി യുവതി ഉറക്കത്തിനിടെ മരണപ്പെട്ടു. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ ഡിസ്‌ചാർജ് ചെയ്തതിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.


തോളെല്ല് സ്ഥാനഭ്രംശം സംഭവിച്ചതിനെ (Shoulder Dislocation) തുടർന്നുള്ള ശസ്ത്രക്രിയയ്ക്കാണ് നമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേസ്‌മേക്കർ ധരിച്ചിരുന്ന നമിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിനുള്ളിൽ ആശുപത്രി അധികൃതർ യുവതിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സങ്കീർണ്ണമായ ആരോഗ്യസ്ഥിതിയുള്ള രോഗിയെ മതിയായ നിരീക്ഷണമില്ലാതെ ഡിസ്‌ചാർജ് ചെയ്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

നമിതയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് പ്രിൻസ് ജോർജിലെ മലയാളി സമൂഹം. ഭർത്താവ് ജിതിൻ തോമസും അഞ്ച് വയസ്സുകാരി മകൾ നതാനിയയും അടങ്ങുന്നതാണ് നമിതയുടെ കുടുംബം. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.

Previous Post Next Post